തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭയിൽ ഡോ. മാത്യു കുഴൽനാടൻ എക്സാലോജിക് എന്ന വാക്ക് പറഞ്ഞാൽ അപ്പോൾ തന്നെ ബഹളമാകും. ഉടൻ മൈക്ക് ഓഫ് ആക്കുകയും ചെയ്യുമായിരുന്നു. ഇന്നിപ്പോൾ എന്തും പറയാവുന്ന അവസ്ഥയിലാണ് കുഴൽനാടൻ. സ്വന്തം പക്ഷത്ത് ആൾബലമുണ്ട്. മൈക്ക് ഓഫ് ചെയ്യില്ലെന്ന ബോധ്യവുമുണ്ട്.
എന്നാലും കടുത്ത പ്രയോഗങ്ങൾക്കൊന്നും കുഴൽനാടൻ മുതിർന്നില്ല. കഴിഞ്ഞ നിയമസഭയിൽ താൻ ചില കാര്യങ്ങൾ പറഞ്ഞപ്പോൾ പച്ചക്കള്ളമെന്നാണ് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞതെന്ന് കുഴൽനാടൻ ഓർമിച്ചു. അതൊന്നു വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ അസംബന്ധത്തെ അസംബന്ധംകൊണ്ടു നേരിടാനാണോ ശ്രമിക്കുന്നതെന്നു ചോദിച്ചായിരുന്നു തന്നെ നേരിട്ടത്. ഇന്നിപ്പോൾ കാര്യങ്ങൾ വ്യക്തമായില്ലേ എന്നു കുഴൽനാടൻ ചോദിച്ചപ്പോൾ പ്രതിപക്ഷത്തിനു കേട്ടിരിക്കാനേ സാധിക്കുമായിരുന്നുള്ളൂ.
പിഎം ശ്രീയുടെ പേരിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലും ഉന്നയിക്കുന്ന ആക്ഷേപങ്ങളുടെ പേരിൽ പ്രതിപക്ഷത്തെ കുഴൽനാടൻ കടുത്ത ഭാഷയിൽ വിമർശിച്ചപ്പോൾ ഉന്നം എവിടേക്കെന്നു സംശയവും തോന്നി. രണ്ടും ഇപ്പോൾ സതീശന്റെ കോർട്ടിലാണല്ലോ.
പ്രഫ. സി. രവീന്ദ്രനാഥ് സൈദ്ധാന്തികതലത്തിലാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്കു മനസിലാകണമെന്ന കാര്യത്തിൽ അദ്ദേഹത്തിനു നിർബന്ധബുദ്ധിയുള്ളതായി തോന്നുകയില്ല. സതീശന്റെ ബജറ്റിലൂടെ കേരളം നവലിബറൽ നയങ്ങളിലേക്കു മാറുകയാണെന്നും ആ നയങ്ങൾ കേരളത്തെ കേരളം അല്ലാതാക്കി മാറ്റുമെന്നും രവീന്ദ്രനാഥ് തറപ്പിച്ചു പറഞ്ഞു. നവലിബറൽ മുതലാളിത്ത സന്പ്രദായത്തെ നോളജ് ഇക്കോണമിയുമായി പ്രഫസർ ബന്ധിപ്പിച്ചപ്പോൾ വി.ടി. ബൽറാമിനൊരു സംശയം.
കഴിഞ്ഞ പത്തു വർഷം നോളജ് ഇക്കോണിയെ വലിയ സംഭവമായി പൊക്കിപ്പിടിച്ചു നടന്നത് അപ്പുറത്തിരുന്നവരല്ലേ എന്നായിരുന്നു സംശയം. അപ്പോൾ നോളജ് കാപ്പിറ്റലും നോളജ് സമൂഹവും തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ചായി പ്രഫസറുടെ ക്ലാസ്. നവലിബറൽ സാന്പത്തിക നയങ്ങൾ എങ്ങനെ ഫാസിസത്തിലേക്കു നയിക്കുമെന്നു കൂടി രവീന്ദ്രനാഥ് പറഞ്ഞുവച്ചു. ഇന്ത്യയിൽ കോണ്ഗ്രസ് തുടങ്ങിവച്ച നവലിബറൽ നയങ്ങളാണു ബിജെപിയെ ഭരണത്തിലെത്തിച്ചതെന്നു ചൂണ്ടിക്കാട്ടിയ രവീന്ദ്രനാഥ്, അതേ നയങ്ങളുമായി യുഡിഎഫ് സർക്കാർ മുന്നോട്ടു പോയാൽ കേരളത്തിലും ബിജെപി ഭരണത്തിലെത്തുമെന്ന മുന്നറിയിപ്പും നൽകി.
പ്രഫ. രവീന്ദ്രനാഥിനെ മഞ്ഞളാംകുഴി അലിക്കു വലിയ ഇഷ്ടമാണ്. പക്ഷേ ഇങ്ങനെയൊക്കെ പറയല്ലേ എന്നായിരുന്നു അലിയുടെ അപേക്ഷ. കമ്യൂണിസം ലോകത്തു നിന്ന് ഇല്ലാതായി എന്നാണ് അലിയുടെ പക്ഷം. മാറ്റങ്ങൾ വേണം. പഴയതിൽ കെട്ടിപ്പിടിച്ചിരുന്നാൽ ശരിയാകില്ല. ഇങ്ങനെ ഇടതുപക്ഷക്കാരോട് അലി പറഞ്ഞു കൊണ്ടിരുന്നപ്പോൾ പ്രതിപക്ഷത്തെ വി. ജോയി അസ്വസ്ഥനായി. താൻ സ്നേഹത്തോടെ സൗജന്യമായി ഉപദേശം നൽകുന്നതാണെന്നും വേണമെങ്കിൽ സ്വീകരിച്ചാൽ മതിയെന്നും അലി പറഞ്ഞു. സതീശന്റെ സ്വകാര്യവത്കരണ പക്ഷത്താണ് അലിയുടെ നിൽപ്പെന്നു വ്യക്തമാക്കി.
നവലിബറിൽ നയങ്ങളോടുള്ള എതിർപ്പായിരുന്നു ജി.ആർ. അനിലിനും ഉയർത്താനുണ്ടായിരുന്നത്. കേരളത്തിന്റെ തീരം മുഴുവൻ കോർപറേറ്റുകൾക്കു തീറെഴുതി കൊടുക്കുന്ന ബജറ്റ് ആണെന്നും അനിൽ കുറ്റപ്പെടുത്തി. സപ്ലൈകോയെക്കുറിച്ചു ബജറ്റിൽ ഒറ്റവാചകം മാത്രമേ ഉള്ളു എന്ന വിഷമം മുൻ സിവിൽ സപ്ലൈസ് മന്ത്രി കൂടിയായ ജി.ആർ. അനിൽ പ്രകടിപ്പിച്ചു.
രണ്ടു പക്ഷത്തെയും കണ്ണുമടച്ചു വിമർശിക്കാം എന്നതാണ് ബിജെപി നിയമസഭാകക്ഷി നേതാവായ ബി.ബി. ഗോപകുമാറിനുള്ള നേട്ടം. വയോജനവകുപ്പിനും ഫർണിച്ചർ ഹബ്ബിനും പത്തു കോടി രൂപ വീതം വകയിരുത്തിയത് വയോജനവകുപ്പിനു കൊടുക്കുന്ന പ്രാധാന്യം എത്രയെന്നു തെളിയിക്കുന്നതാണെന്നായിരുന്നു ഗോപകുമാർ പറഞ്ഞത്.
ക്ലാസിക്കൽ ബജറ്റ് എന്ന് ജി. സുധാകരൻ സർട്ടിഫിക്കറ്റ് നൽകിയപ്പോൾ ഭരണപക്ഷത്തിനു പെരുത്തു സന്തോഷം. അവർ നല്ല കൈയടിയോടെ അതു പ്രകടിപ്പിച്ചു. കമ്യൂണിസം ഇല്ലാതായി എന്ന മഞ്ഞളാംകുഴി അലിയുടെ പരാമർശം സുധാകരന് ഇഷ്ടപ്പെട്ടില്ല. കമ്യൂണിസത്തെ ഇല്ലാതാക്കിയവരെക്കുറിച്ചാണു പറയേണ്ടതെന്നാണ് സുധാകരന്റെ ഉപദേശം. കിട്ടിയ സമയം കൊണ്ട് മറുപക്ഷത്തിരിക്കുന്നവർക്കു നല്ലതു പോലെ സുധാകരൻ കൊടുത്തു.
എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണു കോണ്ഗ്രസിലേക്കു തന്നെ ആകർഷിച്ചതെന്നു പറഞ്ഞ രമേശ് പിഷാരടി, എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന ചോദ്യത്തിൽ വ്യാകരണപ്പിശക് അന്നേ കണ്ടിരുന്നു. അത് ഇൻക്ലൂസീവ് അല്ലാത്ത ചിന്തയിൽ നിന്നു വരുന്നതാണത്രേ. പണം കൊടുത്തു സ്ഥാനാർഥിയെ വിജയിപ്പിക്കാനാകില്ലെന്നു പാലക്കാട്ടുകാർ പഠിപ്പിച്ചുകൊടുത്തു എന്നും പിഷാരടി പറഞ്ഞു.
എളിയവരെ ആദരിക്കുന്നവർ സ്വർഗരാജ്യത്തിന് അർഹരാകുമെന്ന ബൈബിൾ വചനത്തൽ വിശ്വസിക്കുന്ന വർഗീസ് മാമനു മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വർഗത്തിൽ പോകുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം അദ്ദേഹം ദുർബലരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ചേർത്തു പിടിക്കുകയാണത്രെ.